പശ്ചിമേഷ്യ: സമാധാനത്തിന്റെയും അധികാരത്തിന്റെയും സാധ്യതകൾ

പശ്ചിമേഷ്യ: സമാധാനത്തിന്റെയും അധികാരത്തിന്റെയും സാധ്യതകൾ

അമേരിക്ക എന്ന രാഷ്ട്രത്തിന്റെയും പശ്ചിമേഷ്യ എന്ന ഭൂപ്രദേശത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ ഇസ്രായേൽ എന്ന രാഷ്ട്രവും ഫലസ്തീൻ പ്രശ്ന‌വും എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നിവയുടെ വിശകലനംഡീൽ മേക്കർ എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ സ്വയം വിശേഷിപ്പിക്കാറുള്ളത്. അന്താരാഷ്ട്ര നയതന്ത്ര കാഴചപ്പാടുകൾ, അമേരിക്കയുടെ വിദേശ നയങ്ങൾ എന്നിവയെക്കാൾ തന്റെ വ്യക്തിപരമായ വീക്ഷണകോണിൽ നിന്നുകൊണ്ടാണ് വിവിധ രാഷ്ട്രങ്ങളുമായുള്ള ഇടപാടുകൾ അദ്ദേഹം നടത്താറുള്ളത്. തന്റെ ആദ്യ ഭരണകാലത്ത് ഒരു രാജ്യവുമായും യുദ്ധം നടത്താതിരുന്നത്

ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് എത്തുന്നത്. ലോകത്ത് സമാധാനം ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാജ്യങ്ങൾ യുദ്ധങ്ങൾക്ക് പകരം ഡീലുകളിൽ ഏർപ്പെടണമെന്നുമാണ് അദ്ദേഹം നിരന്തരം ഉപദേശിക്കാറുള്ളത്. രണ്ടാം വട്ടം പ്രസിഡന്റ് പദവിയിലേക്ക് വരുന്ന ഘട്ടത്തിൽ യുക്രൈൻ റഷ്യ യുദ്ധവും ഇസ്രായേൽ ഫലസ്തീൻ പ്രശ്നവും അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നുഏതാണ്ട് മുക്കാൽ നൂറ്റാണ്ടിൽ അധികമായി തുടരുന്ന, കാലം മാറുന്നതിനനുസരിച്ച് സങ്കീർണമായ ഫലസ്‌തീൻ പ്രശ്ന‌ം ട്രംപ് എന്ന ഡീൽ മേക്കറേ കൊണ്ട് മാത്രം അവസാനിപ്പിക്കാൻ സാധിക്കുന്നതാണോ? ഇസ്രായേൽ എന്ന രാഷ്ട്രം ഒരു ജനതയോട് നടത്തുന്ന ക്രൂരമായ നടപടികളെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലധികം മുന്നോട്ട് കൊണ്ട് പോവാൻ ഇസ്രായേൽ എന്ന രാഷ്ട്രത്തിന് ലഭിച്ച അംഗീകാരത്തിന്റെ അടിത്തറ എന്തായിരിക്കും? അമേരിക്ക എന്നരാഷ്ട്രത്തിന്റെയും പശ്ചിമേഷ്യ എന്ന ഭൂപ്രദേശത്തിന്റെയും ഭാവി നിർണയിക്കുന്നതിൽ ഇസ്രായേൽ എന്ന രാഷ്ട്രവും ഫലസ്തീൻ പ്രശ്നവും എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തുന്നത് എന്നിവ വിശകലനം ചെയ്യുകയാണ് ഇവിടെ. ഒരു കുടിയേറ്റ കൊളോണിയൽ പ്രത്യശാസ്ത്രമെന്ന നിലക്ക് സയണിസം പശ്ചിമേഷ്യയുടെ രാഷ്ട്രീയവും ധാർമികവും നയതന്ത്രപരമായുമായ അടിത്തറയെ എത്രമാത്രം സംഘർഷഭരിതമാക്കി എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്ജൂതന്മാരുടെ വിമോചനം എന്ന ആശയത്തിലൂടെ ഒരു ജനതയുടെ നശീകരണത്തിലേക്കും പ്രസ്തുത മേഖലയുടെ അസ്ഥിരതയിലേക്കുമാണ് സയണിസ്റ്റ് ആശയം അവയെ കൊണ്ടെത്തിച്ചത്. സയണിസ്റ്റ്, ക്രൈസ്തവ സയണിസ്റ്റ് ആശയങ്ങൾ തങ്ങളുടെ തന്ത്രപ്രധാനമായ നയങ്ങളുടെ സ്വാധീന ശക്തിയായി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ നിരന്തരമായ യുദ്ധങ്ങളിലേക്കും, നയതന്ത്ര പരാജയങ്ങളിലേക്കുംപിന്നീട് ഇതൊക്കെയും തങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതിലേക്കും അവരെ നയിക്കുന്നുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് കൊണ്ട് രംഗത്ത് വരുന്നതിന് അവിടങ്ങളിലുള്ള ജനസമൂഹങ്ങളുടെ പ്രതിഷേധങ്ങൾ കാരണമായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ അവർ സ്വീകരിച്ച നയനിലപാടുകളിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാണ് യൂറോപ്പ് ഇത്തരമൊരു
സമീപനത്തിലേക്ക് എത്തുന്നത്. രാജ്യത്തിന്റെ മൂലധനം ഇസ്രായേലിന് വേണ്ടി അമിതമായി ചെലവഴിക്കുന്നതിനെ വിമർശിച്ച് അമേരിക്കയിൽ പലരും ഇന്ന് രംഗത്ത് വരുന്നു. ട്രംപിൻ്റെ തന്നെ ആശയമായ MAGA (Make America Great Again) ക്യാമ്പിൽ ഇസ്രായേലിന് വേണ്ടി രാജ്യത്തിന്റെ സമ്പത്ത് വലിയ തോതിൽ ചെലവഴിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടാവുന്നു. പശ്ചിമേഷ്യയിലെ എണ്ണശേഖരവും മറ്റ് അനവധി പ്രകൃതിവിഭവങ്ങളുടെയും സാന്നിധ്യം കൂടിയാണ് യഥാർഥത്തിൽ അമേരിക്കയെയും യൂറോപിനെയും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിന് വേണ്ടി ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഒരു സാധ്യതയായി അവർ കണ്ടു. എന്നാൽ പശ്ചിമേഷ്യയിലെ തങ്ങളുടെ താല്പര്യങ്ങൾക്ക് തടസം സൃഷ്ടിച്ച് കൊണ്ട് മേഖലയിൽ നിരന്തരം സംഘർഷങ്ങൾ തുടരുന്ന ഇസ്രായേൽ ഇന്ന് അമേരിക്കക്കും യൂറോപ്പിനും ഒരു പ്രശ്ന‌മായി മാറിയിട്ടുണ്ട്. പശ്ചിമേഷ്യയുടെസമാധാനത്തിനും മറ്റ് വിപണി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഇസ്രായേലാനന്തര പശ്ചിമേഷ്യ എന്ന ആശയം ആ നിലക്ക് പ്രസക്തമാണ്.

സയണിസം പോലെ ആഴത്തിൽ ഒരു പ്രദേശത്തെ പുനർനിർമ്മിച്ച മറ്റൊരു ആധുനിക പ്രത്യയശാസ്ത്രവും ഇല്ലെന്ന് തന്നെ പറയാം. ഫലസ്ത‌ീനിൽ മാതൃരാജ്യം സ്ഥാപിച്ച് 'ജൂത പ്രശ്നത്തെ' പരിഹരിക്കുമെന്ന പ്രഖ്യാപനവുമായാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ സയണിസം ഉദയം ചെയ്യുന്നത്1948 ൽ ഇസ്രായേൽ എന്ന രാഷ്ട്ര സ്ഥാപനത്തിലൂടെ തങ്ങളുടെ പ്രഖ്യാപനം വിജയത്തിലേക്ക് എത്തിക്കാൻ സയണിസത്തിന് സാധിച്ചെങ്കിലും അന്ന് മുതൽ ഇങ്ങോട്ട് പ്രസ്തുത മേഖലയിൽ ദീർഘകാല അസ്ഥിരത നിലനിലർത്തുന്നതിന് കൂടി അവ കാരണമായി. തുടർന്നങ്ങോട്ട് ഫലസ്തീൻ ജനതയുടെ കൂട്ട പലായനങ്ങൾക്ക് ലോകം സാക്ഷിയായി.

പാശ്ചാത്യ ശക്തികളെ സംബന്ധിച്ച് ആരംഭത്തിൽ പ്രസ്തുത മേഖലയിൽ ഇസ്രയേൽ അവർക്ക് ഏറ്റവുംഅനുയോജ്യരായ പങ്കാളിയായി തോന്നി. ശീതയുദ്ധ കാലത്ത് അറബ് ദേശീയതക്കും സോഷ്യലിസത്തിനും എതിരെയും പിൽകാലത്ത് ഇസ്ലാമിസത്തിനുമെതിരായ പാശ്ചാത്യ താല്പര്യങ്ങളുടെ കേന്ദ്രമായി ഇസ്രായേൽ നിലകൊണ്ടു. ഇവിടങ്ങളിൽ യൂറോപ്പ് - അമേരിക്കൻ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഇസ്രയേലിനെ നിരന്തരം അവർ ഉപയോഗപ്പെടുത്തി. എന്നാൽ ഗ്ലോബൽ സൗത്തിൽ അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരായ വികാരം വളർന്നുവരുന്നതിലേക്ക് ഇത് പിന്നീട് നയിച്ചു. പാശ്ചാത്യ ഹിപ്പോക്രസി, അമേരിക്കയുടെ നയതന്ത്ര സമീപനങ്ങൾ എന്നതോടപ്പം ഗ്ലോബൽ സൗത്തിന്റെ കൊളോണിയൽ വിരുദ്ധ ചരിത്ര തുടർച്ചയും കൂടി ചേർന്ന് മേഖലയിൽ പുതിയ സാധ്യതകളും സമവാക്യങ്ങളും രൂപപ്പെടുത്തി. ഇത് പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങൾക്ക് തടസമായി മാറുന്നത് അവർ തന്നെയും ഇന്ന് തിരിച്ചറിയുന്നുണ്ട്. ഗ്ലോബൽ സൗത്തിനെ സംബന്ധിച്ചും യൂറോപ്പിനെയും അമേരിക്കയെ സംബന്ധിച്ചും

മേഖലയിൽ സ്ഥിരത കൊണ്ടുവരൽ അവരവരുടെ താല്പര്യങ്ങൾക്ക് അനിവാര്യമാണ്. പശ്ചിമേഷ്യയുടെ അപകോളനികരണ സാധ്യതകളിലേക്ക് ഈ കാരണങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്.