കോഴിക്കോട് പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനും അമ്മയും അറസ്റ്റില്‍.

രാത്രിയില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെട്ടില്ല; മദ്യലഹരിയില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി; മാതാപിതാക്കള്‍ പിടിയില്‍



കോഴിക്കോട്: പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനും അമ്മയും അറസ്റ്റില്‍. രാത്രിയില്‍ ഉറക്കെ കരഞ്ഞതിലുള്ള പ്രകോപനം മൂലം നാല് മാസം പ്രായമുള്ള ആയുക്ത എന്ന പെണ്‍കുഞ്ഞിനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് അറസ്റ്റ്. കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശിയായ ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം പുറത്തുപറയാതെ മറച്ചുവെച്ചതിനാണ് അമ്മയായ അഞ്ജനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയോടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മൂക്കില്‍ നിന്ന് കഫം വരികയും ചെയ്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്ന് സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും, മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. കുഞ്ഞിന്റെ തലയിലടക്കം ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും, ഈ ആന്തരിക ക്ഷതങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

തുടര്‍ന്ന് പൊലീസ് നടത്തിയ ശക്തമായ ചോദ്യംചെയ്യലിലാണ് അഞ്ജന സത്യം വെളിപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ ഷിജിന്‍ സംഭവദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയില്‍ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാത്ത പ്രതി, മദ്യലഹരിയുടെ പുറത്ത് കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഷിജിന്‍ ഇതിനുമുന്‍പും കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ആവശ്യമായ മുഴുവന്‍ തെളിവുകളും ശേഖരിച്ച ശേഷമാണ് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.