സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, 13 പേര്‍ക്ക് പരിക്ക്,14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

സുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം, 13 പേര്‍ക്ക് പരിക്ക്,14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്


സുൽത്താൻ ബത്തേരിസുൽത്താൻ ബത്തേരിയിലെ സ്വകാര്യ കോളജിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ പതിമൂന്ന് പേർക്ക് പരിക്ക്. അൽഫോൺസാ ആർട്സ് ആന്‍റ് സയൻസ് കോളജിലാണ് ജൂനിയേഴ്സ് സീനിയേഴ്സ് വിദ്യാർത്ഥികൾ തമ്മിൽ  സംഘർഷമുണ്ടായത്. സംഭവത്തിൽ 14 വിദ്യാർത്ഥികൾക്കെതിരെ  പൊലിസ് കേസെടുത്തു.

സുൽത്താൻ ബത്തേരി അൽഫോൻസാ ആർട്സ് ആന്‍റ് സയൻസ് കോളജ് വിദ്യാർത്ഥികൾ തമ്മിൽ വ്യാഴാഴ്ച്ചയാണ് സംഘർഷമുണ്ടായത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ ക്ലാസിൽ കയറി മൂന്നാം വർഷ വിദ്യാർത്ഥികൾ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ ഷിയാസ്, സിനാൻ എന്നിവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൂക്കിനും ഷോൾഡറിനുമാണ് പരിക്ക്. മറ്റുള്ളവർ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി. 

കുറച്ചു ദിവസങ്ങളായി രണ്ടാം വർഷ ടൂറിസം ഡിപ്പാർട്ട്മെന്‍റ് വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇത് അധ്യാപകർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും പിന്നീട് ചില വാട്സ് ആപ്പ് മെസേജുകളുമായി ബന്ധപെട്ടാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ ബത്തേരി പൊലിസ് 14 പേർക്കെതിരെ കേസെടുത്തു. സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളെ കോളേജ് സസ്പെന്‍റ് ചെയ്തു. വിഷയത്തിൽ ഉടൻ പി.ടി. എ മീറ്റിങ് ചേരാൻ തീരുമാനിച്ചതായും കോളജ് പ്രിൻസിപ്പാൾ അറിയിച്ചു.