തപാല്‍ പിന്‍ കോഡിന് ഇന്ന് 50 വയസ്; ചരിത്രം

തപാല്‍ പിന്‍ കോഡിന് ഇന്ന് 50 വയസ്; ചരിത്രം

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉപയോഗിക്കുന്ന പിന്‍ കോഡ് സമ്പ്രദായം നിലവില്‍ വന്നിട്ട് 50 വര്‍ഷം തികഞ്ഞു. ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍കോഡ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആണ് പിന്‍ കോഡിനും 50 വയസ് തികയുന്നത്.

1972 ആഗസ്റ്റ് 15നാണ് പിന്‍ കോഡ് സമ്പ്രദായം നിലവില്‍ വന്നത്. ഏരിയ കോഡ്, സിപ് കോഡ് എന്ന പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. അയക്കുന്ന കവറിനു പുറത്ത് പിന്‍ കോഡ് എഴുതിയിട്ടുണ്ടെങ്കില്‍ പോസ്റ്റ്മാന് എളുപ്പത്തില്‍ സ്വീകര്‍ത്താക്കളെ കണ്ടുപിടിക്കാന്‍ സാധിക്കും. 

ഇന്ത്യയില്‍ ശ്രീറാം ഭികാജി വേളാങ്കര്‍ ആണ് ആദ്യമായി പിന്‍ കോഡ് സമ്പ്രദായം അവതരിപ്പിച്ചത്. പോസ്റ്റ്‌സ് ആന്‍ഡ് ടെലഗ്രാം ബോര്‍ഡിലെ മുതിര്‍ന്ന അംഗമായിരുന്ന അദ്ദേഹം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ആയിരുന്നു.

നമ്മുടെ രാജ്യത്തെ മിക്ക സ്ഥലങ്ങളുടെ പേരുകള്‍ക്ക് ആവര്‍ത്തനം ഉള്ളതിനാല്‍ പിന്‍ കോഡ് അനിവാര്യമായിരുന്നു. വിവിധ ഭാഷകളില്‍ ആളുകള്‍ അഡ്രസ് എഴുതുന്നതും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ കോഡ് സമ്പ്രദായം വന്നതോടെ പോസ്റ്റ്മാന് എളുപ്പത്തില്‍ എഴുത്തുകുത്തുകളില്‍ സൂചിപ്പിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എട്ട് പിന്‍ മേഖലകളായി തരം തിരിച്ചിരിക്കുന്നു. പിന്‍ കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫിസ് ഈ എട്ട് മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്ന് സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം.

ഒരു പോസ്റ്റ് ഓഫിസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഓരോ പോസ്റ്റ് ഓഫിസിനെയും പ്രതിനിധീകരിക്കുന്നു