
ആഗസ്റ്റ് 15 ന് ജബൽപൂരിൽ നിന്ന് സൈനിക ഓഫീസറായ ഭാര്യയെ കണ്ടു മടങ്ങി വരുമ്പോഴാണ് മലയാളി ക്യാപ്റ്റൻ നിർമൽ ശിവരാജൻ അപകടത്തിൽ പെട്ടത്. ജോലി സ്ഥലമായ പാച്മാഡിയിലേക്ക് 85 കിലോമീറ്റർ കൂടി ഉണ്ടെന്നും റോഡിൽ തടസമായതിനാൽ മറ്റാെരു വഴിയിലൂടെ പോവുകയാണെന്നും നാട്ടിൽ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ജി പി എസ് ഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര. രാത്രി എട്ടരയോടെ ഭാര്യയെ അവസാനമായി വിളിച്ചു. പിന്നീട് ബന്ധമുണ്ടായില്ല. ഇന്ന് രാവിലെ നിർമൽ സഞ്ചരിച്ച കാർ കണ്ടെടുത്തു. ഉച്ചയോടെ നിർമൽ ശിവരാജന്റെ മൃതദേഹവും കണ്ടെത്തി. മഖൻ നഗറിലെ ബച്വര ഗ്രാമത്തിന് സമീപം കുറ്റിക്കാട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഡ്രെയിനിന്റെ ഒഴുക്ക് വിലയിരുത്താൻ ക്യാപ്റ്റന് കഴിഞ്ഞില്ലെന്ന് എസ് പി ഗുർകരൻ സിങ് പറഞ്ഞു.
കാർഗിൽ യുദ്ധകാലത്താണ് മകൻ സൈനിക സേവനം വേണമെന്ന് തീരുമാനിച്ചതെന്ന് അച്ഛൻ ശിവരാജൻ പറയുന്നു.
ബാങ്കിലും നിരവധി കമ്പനികളിലും ജോലി കിട്ടിയെങ്കിലും നിർമ്മൽ കൂട്ടാക്കിയില്ല. പട്ടാളത്തിൽ തന്നെ സേവനം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. അടുത്ത മാസം മൂന്നിന് മധ്യപ്രദേശിൽ മകന്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു
മ്യതദേഹം നാളെ നാട്ടിലെത്തിക്കും. പച്ചാളം ശ്മശാനത്തിലാണ് സംസ്കരം.