പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം


പാലക്കാട്: പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. 

രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട്  സംഘമാണ്  ഷാജഹാനെ വെട്ടിയത്. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്  പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.


ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെന്ന് എന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരനും ആരോപിച്ചു. 

അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്.