കര്‍ണാടക ആര്‍ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന്‍ അധിക ചാര്‍ജ്, നിരക്ക് വര്‍ധന സ്പെഷ്യല്‍ സര്‍വ്വീസിന്

കര്‍ണാടക ആര്‍ടിസിയുടെ ചതി; ഓണത്തിന് നാട്ടിലെത്താന്‍ അധിക ചാര്‍ജ്, നിരക്ക് വര്‍ധന സ്പെഷ്യല്‍ സര്‍വ്വീസിന്


ബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർ‍‍ജ് ഈടാക്കുമെന്ന് കർണാടക ആ‍ർ ടി സി. 20 ശതമാനം ചാ‍ർജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകൾക്കാണ് അധിക ചാ‍ർ‍ജ് ഈടാക്കുക. സെപ്റ്റംബ‍ർ രണ്ട് മുതൽ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സർവീസുകൾ നടത്തുന്നത്. എന്നാൽ, കേരളത്തിലേക്കുള്ള പതിവ് സർവീസുകളിൽ അധിക നിരക്ക് ഈടാക്കില്ലെന്നും കർണാടക ആ‍ർ ടി സി അറിയിച്ചു.

ഓണം നാട്ടിലെത്തി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണ് കര്‍ണാടക ആര്‍ടിസിയുടെ അറിയിപ്പ്. ലോകത്ത് എവിടെയായാലും ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറിയ പങ്ക് മലയാളികളും. ആ ദിവസങ്ങളില്‍ കര്‍ണാടക ആര്‍ ടി സി നടത്തുന്ന പ്രത്യേക സര്‍വീസിനെ നിരവധി പേര്‍ക്ക് ആശ്രയിക്കേണ്ടി വരും. ഇത് മുതലെടുത്താണ് സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് കര്‍ണാടക ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കുന്നത്.

അതേസമയം, 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കേരളത്തിൽ പോകാനാഗ്രഹിക്കുന്നവർക്കായും കര്‍ണാടക ആര്‍ ടി സി പ്രത്യേക ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. 12 മുതൽ 15 വരെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.

പതിവു സർവീസുകൾക്കു പുറമെ 19 അധിക സര്‍വ്വീസ് കൂടിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ സര്‍വ്വീസുകള്‍ക്ക് പ്രത്യേക ഓഫറും കര്‍ണാടക ആര്‍ടിസി നല്‍കുന്നുണ്ട്. നാല് പേരോ അതിൽ കൂടുതലോ യാത്രക്കാർ ഒന്നിച്ചു ഒരൊറ്റ ടിക്കറ്റായി ബുക്ക് ചെയ്താൽ ടിക്കറ്റ് തുകയിൽ അഞ്ച് ശതമാനം ഇളവാണ് നല്‍കുന്നത്. ഒപ്പം  മടക്കയാത്ര ടിക്കറ്റ് കൂടെ ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവും ലഭിക്കും