മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവം

മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവം


യുവതിയുടെ മൂന്ന് പവൻ്റെ മാല കവർന്നു. വഴി ചോദിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മൂന്ന് പവൻ്റെ മാല കവർന്ന് രക്ഷപ്പെട്ടു. പൂക്കോം സ്വദേശിനിയായ സുമതി (49) യുടെ മൂന്ന് പവൻ്റെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. ഇന്നലെ രാവിലെ 11 മണിയോടെ അണിയാരം ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു കവർച്ച. തുടർന്ന് ചൊക്ലി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതേ സമയം കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ ചാലാട് കടയിൽ ബൈക്കിലെത്തിയ യുവാക്കൾ കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവവുമുണ്ടായി. ഇന്നലെ രാവിലെ 8. 15 ഓടെയാണ് സംഭവം. കുടിവെള്ളം ആവശ്യപ്പെട്ട് വാങ്ങിയ ശേഷം കടയുടമയായ സ്ത്രീയോട് പഴം വേണമെന്ന് പറഞ്ഞ യുവാക്കൾക്ക് പഴം എടുത്തു കൊടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലണിഞ്ഞ മൂന്നര പവൻ്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയെങ്കിലും കടയുടമ ചെറുത്ത് നിന്നതോടെ യുവാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമായിട്ടുണ്ട്.
ഈ സംഘമായിരിക്കാം അണിയാരത്ത് വെച്ച് വീട്ടമ്മയുടെ മൂന്ന് പവൻ്റെ മാല കവർന്നതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.