തലശ്ശേരി സ്വദേശിയായ സിപി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മൽസരത്തിൽ നയിക്കും

തലശ്ശേരി സ്വദേശിയായ സിപി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മൽസരത്തിൽ നയിക്കും


ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി താരം സിപി റിസ്വാൻ നയിക്കും. കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്വാന്‍ 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്‍റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും റിസ്വാന്‍ നേടി.

1988 ഏപ്രിൽ 19നാണ് തലശ്ശേരി സൈദാർ പള്ളിയിൽ പൂവത്താങ്കണ്ടിയിൽ എം.പി.അബ്ദുൽ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി റി‌സ്‌വാന്‍റെ ജനനം. ബിടെക് പഠനം പൂർത്തിയാക്കി 2014 ൽ ജോലിക്കായി യുഎഇയിലെത്തി. ഷാർജ ഈസ്റ്റേൺ ഇന്റർനാഷനൽ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ സജീവ സാന്നിധ്യമായിരുന്നു റിസ്വാൻ. ഈ ടൂർണമെന്‍റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.

ഇതിനിടെ നാട്ടിൽ പോസ്റ്റൽ വകുപ്പിൽ ജോലി ലഭിച്ചതോടെ മടങ്ങി വരാൻ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടൽ മനസുമാറ്റി. ഇതോടെയാണ്  നിയമപ്രകാരം യുഎഇയിൽ നാലുവർഷം പൂർത്തിയാക്കി ദേശീയ ടീമിൽ ഇടം നേടാൻ റിസ്വാൻ ശ്രമങ്ങൾ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നൽകിയിരിക്കുകയാണ്.

തുടർന്ന് 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആദ്യ രാജ്യാന്തര ഏകദിന അരങ്ങേറ്റം കുറിച്ചു. 31ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും അരങ്ങേറി. കഴിഞ്ഞ വർഷം അവസാനമാണ് റി‌സ്‌വാന് യുഎഇ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ പാർട്ട്- ടൈം കരാർ നൽകിയത്. 17 ഏകദിനങ്ങളിലാണ് റിസ് വാൻ ഇതുവരെ കളിച്ചിട്ടുട്ടുള്ളത്. 404 റൺസ് നേടിയിട്ടുണ്ട്.

നാട്ടിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു റിസ്വാന്‍റെ വിദ്യാഭ്യാസം. കേരളത്തിനായി അണ്ടർ 17 മുതൽ അണ്ടർ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടർ 25 മത്സരത്തിൽ കേരള ടീമിനെ നയിച്ചതും റിസ്വാൻ തന്നെയായിരുന്നു.  2011 സീസണിൽ കേരള രഞ്ജി ടീമിൽ അംഗമായി. വിജയ് ഹസാരെ ടൂർണമെന്റിലും പങ്കെടുത്തു. സഞ്ജു സാംസൺ, സച്ചിൻ ബേബി തുടങ്ങിയവർ സഹതാരങ്ങളായിരുന്നു.