നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷ

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധന; പരാതിപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷ


കൊല്ലം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടികൾക്ക് ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്. കൊല്ലം എസ് എൻ സ്കൂളിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് പരീക്ഷ. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളിൽ കൂടി ഇന്ന് പരീക്ഷ നടക്കും. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവത്തിൽ പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സര്‍വർ ഡോ. ഷംനാദ് എന്നിവരടക്കം ഏഴ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോൾ ജാമ്യത്തിലാണ്.

നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി നേരത്തെ പരിഗണിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള  അന്വേഷണ വിവരങ്ങൾ  കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി തേടിയിരുന്നു. പരീക്ഷാ നടത്തിപ്പ് രീതി സംബന്ധിച്ചുള്ള വിശദാംശങ്ങളടക്കം സമർപ്പിക്കാനായിരുന്നു നിർദേശം.