കോപ്പര്‍ സള്‍ഫേറ്റ് മാരകവിഷം;അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം മരണം.

കോപ്പര്‍ സള്‍ഫേറ്റ് മാരകവിഷം;അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം മരണം


തിരുവനന്തപുരം പാറശാല മുറിയങ്കര സ്വദേശി ഷാരോണ്‍ രാജിനെ സുഹൃത്ത് ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തിന്‍റെ ഞെട്ടലിലാണ് കേരളം.  കൃഷിയിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശാണ് ഷാരോണിന്‍റെ ജീവനെടുത്തത്. കവുങ്ങ്, റബ്ബർ തുടങ്ങി മിക്ക വിളകൾക്കും കുമിൾനാശിനിയായി  കോപ്പർ സൾഫേറ്റ് ഉപയോഗിക്കുന്നുണ്ട്. കോപ്പർ സൾഫേറ്റ് വെള്ളത്തിൽ കലർത്തി കുമ്മായവുമായി ചേർത്ത് നിർമിക്കുന്ന ബോർഡോ മിശ്രിതം കാർഷിക മേഖലയിൽ പ്രധാന കീടനാശിനിയാണ്.

നീല നിറത്തിലാണ് കോപ്പർ സൾഫേറ്റ് കാണാന്‍ കഴിയുന്നത്. ശരീരത്തിനുള്ളിൽ എത്തിയാൽ വൃക്ക, കരൾ എന്നിവയെ ദോഷകരമായി ഇത് ബാധിക്കും. ചെറിയ അളവില്‍ ഉള്ളിലെത്തിയാല്‍ പതുക്കെയാണ് കരളിനെ ബാധിക്കുക. തുടർന്ന് കൂടുതൽ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. കൂടുതൽ അളവില്‍ അകത്ത് ചെന്നാൽ 24 മണിക്കൂറിനുള്ള ആള്‍ മരിക്കും.


കൃഷി ആവശ്യത്തിന് സ്ഥിരമായി ഉപയോ​ഗിക്കുന്നതിനാൽ വളം വില്‍ക്കുന്ന കടകളില്‍ അടക്കം ഇത് സുലഭമായി ലഭിക്കും. കടകളില്‍ ചെന്നാൽ ആർക്കും ലഭിക്കുന്ന സ്ഥിതിയാണ് കോപ്പര്‍ സള്‍ഫേറ്റ് നിലവിൽ വില്‍ക്കുന്നത്. കരളിനെയാണ് തുരിശ്  പ്രധാനമായി ബാധിക്കുക. ഒരു​ഗ്രാം  അകത്തുചെന്നാൽ തന്നെ ​ഗുരുതരാവസ്ഥയിലാകാൻ സാധ്യതയുണ്ട്. . ഉള്ളിലെത്തുന്ന ആളുടെ ആരോ​ഗ്യ സ്ഥിതിയനുസരിച്ചായിരിക്കും വിഷത്തിന്റെ തീവ്രത.

കൃഷിയ്ക്ക് പുറമെ പേപ്പർ പ്രിന്റിംഗ്, കെട്ടിടനിർമ്മാണം, ഗ്ലാസുകളിലും മൺപാത്രങ്ങളിലും കളറിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കും കോപ്പര്‍ സള്‍ഫേറ്റ് ഉപയോ​ഗിക്കുന്നുണ്ട്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ ഗ്രീഷ്മയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചത്.