
അബുദാബി: ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന കഫ് സിറപ്പുകള്‍ അബുദാബിയില്‍ എവിടെയും വില്‍ക്കപ്പെടുന്നില്ലെന്ന് അബുദാബി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മരുന്നുകള്‍ കൈവശമുള്ളവര്‍ അവ ഉപയോഗിക്കരുതെന്നും ഇതിനോടകം ഉപയോഗിച്ചവര്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടണമെന്നും അബുദാബി ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്ക് ചുമ, ജലദോശം എന്നിവയ്ക്ക് നല്‍കിയിരുന്ന പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടനയാണ് അറിയിച്ചത്. നാല് മരുന്നുകളിലും അമിതമായ അളവില്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി രാസപരിശോധനയില്‍ വ്യക്തമായതായും ലോകാരോഗ്യ സംഘടന പറയുന്നു.