കണ്ണൂരിൽ പന്തൽ തകർന്ന് 8 പേർക്ക് പരിക്ക്

കണ്ണൂരിൽ പന്തൽ തകർന്ന് 8 പേർക്ക് പരിക്ക്

നബിദിനാഘോഷത്തിനിടെ പന്തൽ തകർന്നുവീണ് എട്ടുപേർക്ക് പരിക്ക്. തന്നട സെൻട്രൽ യുപി സ്കൂൾ ഗ്രൗണ്ടിൽ സിറാജുൽ ഉലും മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിക്കിടെ ഞായർ പകൽ പന്ത്രണ്ടോടെയായിരുന്നു അപകടം. പന്തൽ വീഴുമ്പോൾ അവിടെ സ്ഥാപിച്ചിരുന്ന വലിയ സൗണ്ട് ബോക്സിൽ തട്ടി നിന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.
അപകടം നടക്കുമ്പോൾ സ്റ്റേജിൽ പരിപാടി നടക്കുന്നുണ്ടായിരുന്നു. സദസിൽ നൂറ്റമ്പതോളം കാണികളുമുണ്ടായിരുന്നു. ചെറിയ കാറ്റിനെ തുടർന്ന് പന്തൽ വലിച്ചുകെട്ടിയ വടം മുറിഞ്ഞതാകാം അപകട കാരണമെന്ന് കരുതുന്നു. ലോഹ ഷീറ്റ് കൊണ്ട് നിർമിച്ചിരുന്ന പന്തൽ ദേഹത്ത് തട്ടിയും വെപ്രാളത്തിൽ ഓടുന്നതിനിടെ വീണുമാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റത്.
പരിക്കേറ്റവർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.