പാലപ്പുഴ കൂടലാട് വീട്ടു പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി.
ഇരിട്ടി: പാലപ്പുഴ കൂടലാട് വീട്ടുപറമ്പിൽ നിന്നും വനം വകുപ്പ് ജീവനക്കാരും റെസ്ക്യൂ ടീമംഗങ്ങളും ചേർന്ന് രാജവെമ്പാലയെ പിടികൂടി വനത്തിൽ വനത്തിൽ വിട്ടു.
കൂടലാട്ടെ സാദത്തിന്റെ വീട്ടുപറമ്പിൽ രാജവെമ്പാലയെ കണ്ടതിനെത്തുടർന്ന് വനവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാമ്പിനെ നിരീക്ഷിച്ചു നിൽക്കുന്നതിനിടെ പാമ്പ് പുഴയോരത്തുള്ള മുളങ്കാടുകളിലേക്ക് നീങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ പാമ്പ് മുളകൾക്ക് മുകളിൽ കയറി. പാമ്പിനെ മുലകൾക്കിടയിൽ നിന്നും പിടികൂടാൻ മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും വിഫലമായി. ഒടുവിൽ മുളക്കൂട്ടങ്ങൾക്കിടയിൽ നിന്നും പുറത്തേക്കു ചാടിയ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ റെസ്ക്യൂ ടീം അംഗം ഫൈസൽ വിളക്കോടിനെ രണ്ടുതവണ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് മിറാജ് പേരാവൂരിന്റെ സഹായത്തോടെ പാമ്പിനെ തുണി സഞ്ചിയിൽ കയറ്റി വനമേഖലയിൽ തുറന്നുവിട്ടു. ഇരിട്ടി ഫോറസ്റ്റ് ഓഫീസർ കെ. ജിജിലിന്റെ നിർദ്ദേശത്തെ തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് എ. കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കൃഷ്ണശ്രീ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.