നിർബന്ധിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതി, വനിതാ സംവിധായികക്കെതിരെ കേസെടുത്ത് പൊലീസ്

നിർബന്ധിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതി, വനിതാ സംവിധായികക്കെതിരെ കേസെടുത്ത് പൊലീസ്


തിരുവന്തപുരം: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി. സിനിമ, അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമായ എസ്മയിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വ്യക്തമാക്കി യുവാവ് രംഗത്തെത്തിയിരുന്നു.  രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കും യുവാവ് നൽകിയ പരാതിയിലാണ് നടപടി. വഞ്ചനാ കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. യുവാവിന്റെ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട്സ് ഒൺലി സിനിമയാണെന്ന് പറഞ്ഞതെന്നുമായിരുന്നു യുവാവിന്റെ ആരോപണം. അഭിനയിക്കുന്നില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നടത്തിയ ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യുവാവിനെ വീട്ടുകാരും കൈ‌യൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോഴുള്ളത്