
മുംബൈ: സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ സ്പെഷ്യൽ കോടതി. സമാന കേസിൽ ബിസിനസുകാരനായ യുവാവിന് ഐപിസി സെക്ഷൻ 354 പ്രകാരം ഒന്നര വർഷം ജയിൽ ശിക്ഷ വിധിച്ചാണ് കോടതിയുടെ പരമാർശം. അബ്രാർ ഖാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. സ്ത്രീകളെ ആക്ഷേപിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ പ്രയോഗമാണിത്, ഇത് മനപ്പൂർവ്വം സ്ത്രീത്വത്തെ അപകമാനിക്കാനുള്ള ശ്രമമായേ കാണാനാകൂ എന്നും ജഡ്ജി എസ്ജെ അൻസാരി പറഞ്ഞു.
പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്‌ട് പ്രകാരം കുറ്റവിമുക്തനാക്കാൻ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഇത്തരം കുറ്റകൃത്യങ്ങൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും, അത് ഇത്തരം റോഡുകളിലെ പൂവാലൻമാർക്ക് പാഠമാകണമെന്നും കോടതി പറഞ്ഞു. 'ക്യാ ഐറ്റം, കിദർ ജാ രഹി ഹോ' എന്ന് ചോദിച്ച് മുടി പിടിച്ചു വലിച്ചു എന്നായിരുന്നു യുവാവിനെതിരായ പരാതി.
പ്രോസിക്യൂഷൻ കേസ് പ്രകാരം, കേസിനാസ്പദമായ സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പാണ് പെൺകുട്ടി മുംബൈയിലെ സക്കിനാക്കിയിലേക്ക് താമസം മാറിയത്. പ്രതിയും സുഹൃത്തുക്കളും പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർച്ചയായി പിന്തുടരുകയും 'ഐറ്റം' എന്ന് പറഞ്ഞ് അപമാനിക്കുന്നതും പതിവായിരുന്നു.
എന്നാൽ 2015 ജൂലൈ 14ന് സ്കൂൾ വിട്ട് വരികയായിരുന്ന 16-കാരിയായ പരാതിക്കാരിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും 'ക്യാ ഐറ്റം കിദർ ജാ രാഹി ഹോ?' എന്നും, 'ഏ ഐറ്റം സൺ നാ' എന്ന് കമന്റ് പറയുകയും ചെയ്തു. എതിർത്തപ്പോൾ തെറി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് പൊലീസ് ഹെൽപ് ലൈനിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു.
സംഭവ സ്ഥലത്തെത്തി പൊലീസ് എഫ്ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ആദ്യ ഘട്ടത്തിൽ മുൻകൂർ ജാമ്യം നേടിയ പ്രതി അബ്രാർ, കോടതിയിൽ മറ്റൊരു വാദം ഉന്നയിച്ചു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും, ബന്ധം അവളുടെ വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത സാഹചര്യത്തിൽ കള്ളക്കേസ് കൊടുക്കുകയായിരുന്നു എന്നുമായിരുന്നു വാദം. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എതിർ വാദങ്ങൾ തെറ്റാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.