മുഈനലി തങ്ങള്‍ വിമത യോഗത്തില്‍ പങ്കെടുത്തതില്‍ ലീഗിന് കടുത്ത അതൃപ്തി; വിമതനീക്കം അവഗണിക്കാന്‍ നേതൃത്വം

മുഈനലി തങ്ങള്‍ വിമത യോഗത്തില്‍ പങ്കെടുത്തതില്‍ ലീഗിന് കടുത്ത അതൃപ്തി; വിമതനീക്കം അവഗണിക്കാന്‍ നേതൃത്വം


യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി തങ്ങള്‍ വിമത യോഗത്തില്‍ പങ്കെടുത്തതില്‍ ലീഗ് നേതൃത്വം കടുത്ത അതൃപ്തിയില്‍. എന്നാല്‍ മുഈനലി ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയോ വിശദീകരണം ചോദിക്കലോ ഉണ്ടാകില്ല. പാണക്കാട് ഹൈദരലി തങ്ങളുടെ പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് വിമതര്‍ നടത്തുന്ന നീക്കം അവഗണിക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.

ഹൈദരലി തങ്ങളുടെ പേരിലുള്ള കൂട്ടായ്മ രൂപീകരിച്ചതിനു നടപടിയെടുത്താല്‍ അതു വലിയ ചര്‍ച്ചയ്ക്കു വഴിവെക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ പാണക്കാട് കുടുംബാംഗത്തെ ലീഗ് നേതൃത്വം തളിപ്പറഞ്ഞുവെന്ന പ്രചാരണമുണ്ടാകും. അതിനാല്‍ വിമതരുടെ പ്രകോപനത്തില്‍ വീഴേണ്ടതില്ലെന്ന ധാരണയിലാണ് നേതൃത്വം. ചര്‍ച്ചയ്ക്ക് അവസരം നല്‍കി വിമത നീക്കത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

അതേസമയം ഫൗണ്ടേഷന്റെ തുടര്‍ പ്രവര്‍ത്തനം നിരീക്ഷിക്കും. യോഗത്തില്‍ പങ്കെടുത്തത് ചര്‍ച്ചയായതിനു പിന്നാലെ ലീഗ് മെമ്പര്‍ഷിപ് കാമ്പയിന്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ മുഈനലി തങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. വിമത നീക്കത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനും സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തയ്യാറായിരുന്നില്ല.


പാര്‍ട്ടി പുനഃസംഘടനക്ക് മുന്നോടിയായി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. മെമ്പര്‍ഷിപ്പ് എടുക്കുന്നവരുടെ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തും വിധമാണ് ക്യാമ്പയിന്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ തുടങ്ങുമെന്ന് വളരെ നേരത്തെ പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിനാണ് രണ്ട് മാസങ്ങള്‍ പിന്നിട്ട് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ക്യാമ്പയിന് മുന്നോടിയായുള്ള ജില്ലാതല നേതൃസംഗമങ്ങള്‍ തുടരുകയാണ്.