ഇരിട്ടിയിൽ അടക്കം മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധന - കുടുങ്ങിയത് നിരവധിവാഹനങ്ങൾ

ഇരിട്ടിയിൽ അടക്കം  മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധന - കുടുങ്ങിയത്  നിരവധിവാഹനങ്ങൾ 

ഇരിട്ടി:   മോട്ടോർ വാഹന വകുപ്പ് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ്  ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ  നടത്തിയ മിന്നൽ  പരിശോധനയിൽ നിയമലംഘിച്ച നിരവധി വാഹനങ്ങൾക്കെതിരെ നടപടി. വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത്  കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ യുടെ നേതൃത്വത്തിൽ കണ്ണൂർ, തളിപ്പറമ്പ്, മട്ടന്നൂർ, തലശ്ശേരി മേഖലകളിലെ റോഡുകളിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഇരിട്ടിയിലും പരിശോധന നടത്തിയത്. പരിശോധനയിൽ  വിവിധ സ്ഥലങ്ങളിൽ നിന്നായി  നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 
രാത്രികാലങ്ങളിൽ എതിർ ദിശിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ലൈറ്റുകൾ ഘടിപ്പിക്കുക, അനധികൃതമായി വാഹനത്തിന് മുകളിൽ സ്റ്റിക്കർ പതിപ്പിക്കുക, സ്കൂൾ കോളേജ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോവുക,  ഫിറ്റ്നസും ടാക്സും അടക്കാതെയും,  വാതിൽ  അടക്കാതെയും, തേയ്മാനം സംഭവിച്ച ടയറുകളുമായി സഞ്ചരിച്ച സ്കൂൾ വാഹനങ്ങൾ,  അമിത വേഗത, സ്പീഡ് ഗവർണർ സംവിധാനം വിച്ഛേദിച്ച്  ഓടിയ ടൂറിസ്റ്റ് ബസ്സുകൾ, സ്വകാര്യ ബസ്സുകൾ,  ലോറികൾ എന്നിവക്കെതിരെയാണ് നടപടി എടുത്തത്. ഇവരിൽ നിന്നും  മോട്ടോർ വകുപ്പിന്റെ നേതൃത്വത്തിൽ പിഴയിടാക്കി. ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് കണ്ണൂർ ആർടിഒ എ. സി. ഷീബ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം. ശ്രീജിത്ത്, പി. റിയാസ്, പി.. പ്രേമനാഥ് എന്നിവർ നേതൃത്വം നൽകി.  വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാൻ ആണ് തീരുമാനം.