ഊർജ്ജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്'; സതീശൻ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഊർജ്ജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്'; സതീശൻ പാച്ചേനിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: കണ്ണൂരിലെ പ്രമുഖ കോൺ​ഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി ഇന്ന് രാവിലെയാണ് അന്തരിച്ചത്. 'ഊര്‍ജ്ജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ട'തെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ...
കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നു. സതീശന്റെ ബന്ധുമിത്രാദികളുടെയും കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.