ഉളിക്കൽ കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

ഉളിക്കൽ കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി : ഉളിക്കൽ  കാലാങ്കി  ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള  ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു. കാലാങ്കി ഇക്കോ ടൂറിസം കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മരങ്ങളിലായി ഉറപ്പിച്ച ട്രീ ഹൗസ് സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. രണ്ട് മുറികളോട് കൂടി വിവിധ സൗകര്യങ്ങളോടെയാണ്  ട്രീ ഹൗസ് നിർമ്മിച്ചിട്ടുള്ളത്.  സൂര്യാസ്തമയക്കാഴ്ചയും താഴ്്‌വാരങ്ങളിലെ പ്രകൃതി ഭംഗിയും  ഹൗസിലിരുന്ന് കാണാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ നിർമ്മാണം. ഇക്കോ ടൂറിസം സെക്രട്ടറി ജോയി ചേക്കാംതടത്തിൽ നേതൃത്വത്തിലാണ് അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ ട്രീ ഹൗസ് നിർമ്മിച്ചത് . മുൻകൂട്ടി ബുക്ക് ചെയ്യുന്നതനുസരിച്ച് സഞ്ചാരികൾക്കായി ട്രീ ഹൗസ് താമസത്തിന് വിട്ടു നൽകും. ജില്ലയിൽ പുതിയ ടൂറിസം കേന്ദ്രമായി വളർന്നുവരുന്ന കാലാങ്കി ടൂറിസം പദ്ധതിക്ക്  ട്രീ ഹൗസ് ഒരു മുതൽക്കൂട്ടാകുമെന്ന് സജീവ് ജോസഫ് എം എൽ എ പറഞ്ഞു.  ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, ഉളിക്കൽ പഞ്ചായത്തങ്ങളായ ഇന്ദിരാ പുരുഷോത്തമൻ, ബിജു വെങ്ങലപള്ളി, മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, കാലാങ്കി ഇക്കോ ടൂറിസം പ്രസിഡന്റ്് ജ്യോതിഷ് കുഴിയംപ്ലാവിൽ, ദേവസ്യാച്ചൻ കേളിമറ്റത്തിൽ എന്നിവർ സംസാരിച്ചു. കാലാങ്കിയിൽ നാല് വ്യൂ പോയിന്റുകളാണ് ഉള്ളത്. അപ്പർ കാലാങ്കിയിലാണ് ട്രീ ഹൗസ് ഒരുക്കിയിട്ടുള്ളത്.