വജ്രനിക്ഷേപം കണ്ടെത്തി'; നിർമ്മാണത്തിലിരിക്കുന്ന അണക്കെട്ടിനു സമീപം മണ്ണെടുക്കാൻ ജനങ്ങളുടെ തിരക്ക്

വജ്രനിക്ഷേപം കണ്ടെത്തി'; നിർമ്മാണത്തിലിരിക്കുന്ന അണക്കെട്ടിനു സമീപം മണ്ണെടുക്കാൻ ജനങ്ങളുടെ തിരക്ക്


വിശ്രം​ഗഞ്ച്: നിർമ്മാണത്തിലിരിക്കുന്ന അണക്കെട്ടിന് സമീപം  വജ്രനിക്ഷേപമുള്ള മണ്ണ് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോകളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിലെ പന്ന ജില്ലയിലെ വിശ്രംഗഞ്ചിൽ  നൂറുകണക്കിന് ആളുകൾ മണ്ണ് കുഴിച്ചെടുക്കുന്നു. അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് പോലും ഇവിടേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. 

12,000 ഹെക്ടർ കൃഷിയിടത്തിൽ ജലസേചനം നടത്തുന്നതിനായി റൺജ് നദിക്ക് കുറുകെ എട്ട് കിലോമീറ്റർ ദൂരത്തിലുള്ള അണക്കെട്ടിന്റെ നിർമ്മാണം ഈ വർഷമാണ് ആരംഭിച്ചത്. ജലവിഭവ വകുപ്പിന്റേതാണ് ഈ ഭൂമിയെന്നും രണ്ടര അടി താഴ്ചയിൽ വരെ ആർക്കും കുഴിയെടുക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 2021 ജനുവരി മുതൽ പന്നയിൽ 77.72 കാരറ്റ് വജ്രം  കണ്ടെത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.  ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. നാഷണൽ മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അധീനതയിലുള്ള (എൻഎംഡിസി) പന്നയിലെ മജ്‌ഗാൻവയിലെ ഖനിയിൽ ഖനനം പുനരാരംഭിക്കുന്നത് വജ്രവ്യാപാരത്തെ  ബലപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഈ ഖനിയുടെ 60 വർഷത്തെ പാരിസ്ഥിതിക അനുമതി 2020 ഡിസംബർ 3ന് അവസാനിച്ചതോടെ ഇത് അടച്ചുപൂട്ടി.