'ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചു, ഡീൻമാരെ നിയമിക്കുമ്പോൾ പോലും ഇടപെട്ടു': കലാമണ്ഡലം മുൻ വിസി

'ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചു, ഡീൻമാരെ നിയമിക്കുമ്പോൾ പോലും ഇടപെട്ടു': കലാമണ്ഡലം മുൻ വിസി

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് മുൻ വിസി ഡോ. ടികെ നാരായണൻ. ഗവർണറുടെ അമിതാധികാര ദുരുപയോഗത്തെ കുറിച്ച് സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും സെക്രട്ടറി റാണി ജോർജ്ജ് ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡീൻമാരെ നിയമിക്കുമ്പോൾ പോലും ഗവർണർ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവർണർ പലതവണ ഉപയോഗിച്ചു. സർക്കാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഗവർണക്കെതിരെയുള്ള കേസ് പിൻവലിച്ചത്. ഗവർണറെ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണൻ വിശദീകരിച്ചു. ഗവർണറെ തന്നെ ചാൻസിലർ ആക്കാൻ തീരുമാനിച്ചത് ശരിയല്ല. ചാൻസിലർമാർ കേന്ദ്ര സർക്കാരിന്റെ ഭൃത്യന്മാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ ദിവസമാണ് കേരള കലാമണ്ഡലം കൽപ്പിത സര്‍വ്വകലാശാല ചാൻസിലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റിയത്. കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ചാൻസിലറാക്കാനാണ് പുതിയ തീരുമാനം. ഗവർണറെ ചാൻസിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനുള്ള  സർക്കാർ നീക്കത്തിന്റെ ആദ്യപടിയായാണ് തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്.  

പോര് കനക്കുന്നതിനിടെയാണ് കലാമണ്ഡലം സര്‍വ്വകലാശാലയിൽ നിന്ന് ഗവര്‍ണറെ വെട്ടി സര്‍ക്കാര്‍ ഉത്തരവിട്ടത്  സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനൻസിന് മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ നീക്കം. യുജിസി ചട്ടപ്രകാരം കൽപ്പിത സര്‍വകലാശാലകളിലെ ചാൻസിലറെ സ്പോൺസര്‍ക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്പോൺസര്‍ സര്‍ക്കാരാണ്. 2006 മുതൽ കലാമണ്ഡലം ചാൻസിലര്‍ ഗവര്‍ണറാണ്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം എങ്കിലും കാലാവധി നീട്ടി നൽകുകയായിരുന്നു. യുജിസി മര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവര്‍ണറുടെ അനുമതി പോലും വേണ്ടെന്നതാണ് സര്‍ക്കാരിന് പഴുതായത്.  പുതിയ ചാൻസിലര്‍ വരും വരെ പ്രൊ ചാൻസിലര്‍ കൂടിയായ സാംസ്കാരിക മന്ത്രിക്കാകും ചാൻസിലർ ചുമതല