ദുബൈ: പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയവരുടെ യുഎഇ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരുത്തി എയര്‍ ഇന്ത്യ. പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് (സിംഗിള്‍ നെയിം) മാത്രമം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല. ഉദാഹരണ സഹിതമാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത്, ഉദാഹരണമായി പ്രവീണ്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇവര്‍ക്ക് യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം ആയി പ്രവീണും സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കും. അതേപോലെ തന്നെ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും പ്രവീണ്‍ കുമാര്‍ എന്ന് ചേര്‍ത്തിട്ടുണ്ടെങ്കിലും ഈ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കുന്നതാണ്.