ജയിലിലുള്ള ആംആദ്മി മന്ത്രിയുടെ കാൽ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി, വെളിപ്പെടുത്തി തിഹാർ ജയിൽ അധികൃതർ

ജയിലിലുള്ള ആംആദ്മി മന്ത്രിയുടെ കാൽ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി, വെളിപ്പെടുത്തി തിഹാർ ജയിൽ അധികൃതർ


ദില്ലി : എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ കാൽ തിരുമ്മിക്കൊടുത്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതിയെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. ഫിസിയോ തെറാപ്പിസ്റ്റ് അല്ലെന്നും ജയിൽ വൃത്തങ്ങൾ പറഞ്ഞു. സത്യേന്ദർ ജെയിന്റെ കാ തിരുമ്മുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സത്യേന്ദർ ജയിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാരോപിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. 

തിഹാർ ജയിലിൽ  സത്യേന്ദർ ജെയിൻ കട്ടിലിൽ കിടക്കുമ്പോൾ സഹതടവുകാരൻ അദ്ദേഹത്തിന്റെ കാൽ തിരുമ്മുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദില്ലി ജയിൽ വകുപ്പ് എഎപിയുടെ നേതൃത്വത്തിലുള്ള  സർക്കാരിന്റെ കീഴിലാണ് വരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെയിൻ  ചില രേഖകൾ വായിക്കുന്നതും വെള്ള ടീ ഷർട്ടിട്ട ഒരാൾ കാലുകൾ മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. 

ജെയിനിന് വിഐപി പരി​ഗണന നൽകിയെന്നാരോപിച്ച് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. ദില്ലി മന്ത്രി ജയിലിൽ ആഡംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി സമർപ്പിച്ചിരുന്നു. 

അതേസമയം കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ദില്ലി റോസ് അവന്യു കോടതി നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടി ചൂണ്ടിക്കാട്ടി സത്യേന്ദർ ജെയിനിന്റെ അഭിഭാഷകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ഇഡിയാണ് വീഡിയോ ദൃശ്യങ്ങൾ ചോർത്തി നൽകിയതെന്നാണ് ഇവർ ആരോപിക്കുന്നത്. വീഡിയോ ഏറ്റെടുത്തിട്ടും അത് എങ്ങനെയാണ്  ചോർന്നതെന്നാണ് അന്വേഷണ ഏജൻസിയോട് കോടതി ചോദിച്ചിരിക്കുന്നത്. പ്രത്യേക ജഡ്ജി വികാസ് ദുൽ ആണ് ഇഡിക്ക് നോട്ടീസ് അയച്ചത്. നവംബർ 21 ന് കേസ് പരിഗണിക്കും.