
കോലാർ: ഭാര്യ നാലാമതും പ്രസവിച്ചത് പെൺകുഞ്ഞായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം. സെറ്റിഹള്ളിയിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ ചെയ്തത്. ആൺകുഞ്ഞില്ലാത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് ലോകേഷിന്റെ അമ്മ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഒമ്പത് വർഷം മുമ്പ് ആന്ധ്രാപ്രദേശിലെ പുംഗനൂർ സ്വദേശിയായ യുവതിയെ ലോകേഷ് വിവാഹം കഴിച്ചത്.
മൂന്ന് വർഷം മുമ്പ് മൂന്നാമത്തെ മകൾ ജനിച്ചപ്പോൾ, ആൺകുഞ്ഞില്ലാത്തതിൽ ലോകേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അന്ന് ജീവിതം അവസാനിപ്പിക്കുമെന്ന് ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാൽ, സുഹൃത്തുക്കൾ ഇടപെട്ട് സമാധാനിപ്പിച്ചു. ലോകേഷിന്റെ ഭാര്യ വീണ്ടും ഗർഭിണിയായതോടെ ആൺകുഞ്ഞാകുമെന്ന് പ്രതീക്ഷിച്ചു.
എന്നാൽ വെള്ളിയാഴ്ച മുൽബാഗലിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മ നൽകി. നാലാമതും പെൺകുഞ്ഞായതോടെ ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്ത് നാഗഭൂഷണ പറഞ്ഞു. അത്താഴം കഴിച്ച ശേഷം മുറിയിൽ ഉറങ്ങാൻ പോയ ലോകേഷിനെ പിറ്റേദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.