സേതുവിന് എഴുത്തഛന്‍ പുരസ്‌കാരം

സേതുവിന് എഴുത്തഛന്‍ പുരസ്‌കാരം


പ്രമുഖ സാഹിത്യകാരന്‍ സേതുവിന് 2022 ലെ എഴുത്തഛന്‍ പുരസ്‌കാരം. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ സമിതിയാണ് 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.

മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് എഴുത്തഛന്‍ പുരസ്‌കാരം. സംസ്‌കാരിക മന്ത്രി വി എന്‍ വാസനവനാണ് ഈ വിവരം പത്ര സമ്മേളനത്തില്‍ അറിയിച്ചത്.
മലയാള ഭാഷക്കും സാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്.

മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും വലിയ സംഭാനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

മലയാളത്തിലെ മിക്കവാറും പ്രധാനപ്പെട്ട എല്ലാ അവാര്‍ഡുകളും സേതുവിനെ തേടിവന്നിട്ടുണ്ട്. പാണ്ഡവപുരം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിരാതം, ആറാമത്തെ പെണ്‍കുട്ടി, കിളിമൊഴികള്‍ക്കപ്പുറം തുടങ്ങിയ നോവലുകള്‍ മലയാളത്തില്‍ ഏറ്റവുിമധികം വായിക്കപ്പെട്ടവയാണ്.