ബിനീഷ് കോടിയേരി കേരളാ ക്രിക്കറ്റ് നേതൃത്വത്തിലേക്ക്; ജയേഷ് ജോർജ് പുതിയ KCA പ്രസിഡന്‍റ്

തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലേക്ക്. കെ സി എയുടെ ജോയിന്‍റ് സെക്രട്ടറിയായാണ് ബിനീഷ് തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള ജനറൽ ബോഡി അംഗമെന്ന നിലയിലാണ് ബിനീഷ് കോടിയേരി കെസിഎയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. കെ സി എ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്ന്. സമയ പരിധി കഴിഞ്ഞിട്ടും ആരും മത്സരരംഗത്ത് വരാതിരുന്നതോടെയാണ് ബിനീഷ് കോടിയേരി കെസിഎയുടെ നേതൃത്വത്തിലേക്ക് എത്തിയത്.
പുതിയ കേസിഎ ഭാരവാഹികൾ: ജയേഷ് ജോർജ് (പ്രസിഡന്റ്). വിനോദ് എസ് കുമാർ (സെക്രട്ടറി), പി ചന്ദ്രശേഖൻ (വൈസ് പ്രസിഡന്റ്), കെഎം അബ്ദുൽ റഹിമാൻ (ട്രഷറർ), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശൻ (കൗൺസിലർ).
നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വലിയ വിജയം നേടിയിരുന്നു. ബിനീഷിന്‍റെ പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതോടെ കെസിഎ പ്രതിനിധിയായി കണ്ണൂർ ജില്ലയിൽനിന്ന് ബിനീഷിനെ തെരഞ്ഞെടുക്കുകയായിരുന്നു.