നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, വൈദികന്റെ അഭിപ്രായം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തത്: മന്ത്രി ആന്റണി രാജു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, വൈദികന്റെ അഭിപ്രായം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തത്: മന്ത്രി ആന്റണി രാജു


വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. പല തവണ ചര്‍ച്ച നടന്നു. ചര്‍ച്ചയ്ക്ക് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമൊക്കെ കാത്തിരുന്നിട്ടും ചര്‍ച്ചയ്ക്ക് വരാത്തത് ആരാണ്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് മന്ത്രി ആന്റണി രാജു. കേസെടുത്തതില്‍ ആക്ഷേപമുള്ളവര്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തട്ടെ. ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നുണ്ടല്ലോ. പോലീസ് കേസെടുക്കുന്നത് ആരുടേയും നിര്‍ദേശപ്രകാരമല്ല. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന് സഹോദരന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

ഒരു മന്ത്രിക്കെതിരെ വൈദികന്റെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായ പ്രകടനം പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണെന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലായല്ലോ. വൈദികരില്‍ നിന്ന് ഇത്തരം പെരുമാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. സമാധാനത്തിന്റെ സന്ദേനശവാഹകരാണ് അവര്‍. ജനവികാരം മനസ്സിലാക്കിയ അദ്ദേഹം മാപ്പ്പറഞ്ഞു. അത്രയും നല്ലത്.

കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടായ നഷ്ടം വരുത്തിയവരില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അതാണ് നടന്നത്. അതുതന്നെ ഇവിടെയുമുണ്ടാകും. മിണ്ടാപ്രാണിയായ കെഎസ്ആര്‍ടിസിയെ ഏത് പ്രശ്‌നം വന്നാലും ആക്രമിക്കുക. അത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. പല തവണ ചര്‍ച്ച നടന്നു. ചര്‍ച്ചയ്ക്ക് മന്ത്രിമാരും ചീഫ് സെക്രട്ടറിയുമൊക്കെ കാത്തിരുന്നിട്ടും ചര്‍ച്ചയ്ക്ക് വരാത്തത് ആരാണ്. ഇക്കാര്യത്തില്‍ ഒരു തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.