
കല്‍പ്പറ്റ: വയനാട് മേപ്പാടി പോളിടെക്നിക് കോളേജിൽ നിന്ന് മോഷണം പോയ ജനറേറ്റർ എംഎസ്‌എഫ് പ്രവർത്തകരുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. എംഎസ്‌എഫ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി രശ്‌മിൽ, കോളേജ് യൂണിയൻ ചെയർമാൻ എൻ.എച്ച് മുഹമ്മദ് സാലിം എന്നിവരുടെ താമസസ്ഥലത്ത് നിന്നാണ് തൊണ്ടിമുതൽ പൊലീസ് കണ്ടെത്തിയത്.
ഇതിന് പിന്നാലെ കോളേജിന്‍റെ പരാതിയിൽ ഏഴ് വിദ്യാർത്ഥികൾക്കെതിരെ മേപ്പാടി പൊലീസ് കേസെടുത്തു. കോളേജിലെ ലാബിൽനിന്ന് മോഷണം പോയ 13,000 രൂപ വിലയുള്ള ഫങ്‌ഷൻ ജനറേറ്ററാണിത്. ലഹരി മരുന്ന് ഉപോയോഗം കണ്ടെത്താൻ വേണ്ടിയാണ് കോളേജ് വിദ്യാർത്ഥികളുടെ മുറിയിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തു.
പോളിടെക്നിക് കോളേജ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണ ഗൗരിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് കോളേജില്‍ പൊലീസ് പരിശോധന നടത്തിയത്. രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ലഹരി മരുന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് മർദനമേറ്റതെന്ന് അപർണ ഗൗരി പറഞ്ഞിരുന്നു. എസ്എഫ്ഐയും ഇതേ ആരോപണവുമായി രംഗത്തെത്തി.
മേപ്പാടി പോളി ടെക്നിക് കോളേജിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് അപർണ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ട്രാബിയോക്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന ലഹരി സംഘത്തിന് യുഡിഎസ്എഫ് മുന്നണിയുടെ പിന്തുണയുണ്ടെന്നും ഗൌരി പറഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അപര്‍ണ ഇന്ന് ആശപത്രി വിട്ടു.