ചൈനയെയും ഇസ്രയേലിനെയും പിന്നിലാക്കി; വ്യോമയാന രംഗത്തെ സുപ്രധാന റാങ്കിംഗില്‍ ഇന്ത്യന്‍ കുതിച്ചുചാട്ടം

ചൈനയെയും ഇസ്രയേലിനെയും പിന്നിലാക്കി; വ്യോമയാന രംഗത്തെ സുപ്രധാന റാങ്കിംഗില്‍ ഇന്ത്യന്‍ കുതിച്ചുചാട്ടം


ദില്ലി: ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം. നാല് വർഷം മുമ്പ് റാങ്കിംഗിൽ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ, അവിടെ നിന്നും 48-ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ശനിയാഴ്ച അറിയിച്ചു.

പ്രധാന സുരക്ഷാ ഘടകങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ രാജ്യത്തിന്റെ സ്കോർ 85.49% ആയി മെച്ചപ്പെട്ടു. ഇത് ചൈന (49), ഇസ്രായേൽ (50), തുർക്കി (54) എന്നിവയെക്കാൾ മുന്നിലാണ് എന്നും ഡിജിസിഎ അറിയിച്ചു. 2018 യൂണിവേഴ്സൽ സേഫ്റ്റി ഓവർസൈറ്റ് ഓഡിറ്റ് പ്രോഗ്രാമിൽ ഇന്ത്യയുടെ സ്കോർ 69.95% ആയിരുന്നു.

“പുതിയതായി എത്തിയ റാങ്കിംഗ് നിലനിർത്തുക എന്നത് വെല്ലുവിളിയാണ്. ഇന്ത്യയുടെ റാങ്കിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഡിജിസിഎ പ്രതിജ്ഞബദ്ധമായിരിക്കും എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു, ”ഡിജിസിഎ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.

ഫലത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന റാങ്കിംഗ് അർത്ഥമാക്കുന്നത് രാജ്യം വ്യോമ സുരക്ഷാ പ്രക്രിയകൾ മെച്ചപ്പെടുത്തി എന്നാണ്. അഭ്യന്തര സര്‍വീസുകളില്‍  മികച്ച വ്യോമയാന സുരക്ഷ, പുതിയ സേവനങ്ങൾക്കുള്ള അനുമതികൾ എളുപ്പത്തിൽ ലഭിക്കുന്നതും, വിദേശ വിപണികളിൽ വേഗത്തിൽ വികസിക്കാന്‍ ഇന്ത്യൻ കമ്പനികള്‍ക്ക് സാധിക്കുന്നതിലേക്ക് വഴി വയ്ക്കുന്നു. 

നവംബർ 9 മുതൽ 16 വരെ യുഎൻ ഏജൻസി ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് എന്നാണ് വിവരം. വിമാന അപകടം, അന്വേഷണം, എയർ നാവിഗേഷൻ എന്നീ രണ്ട് മേഖലകൾ ഐസിഎഒ ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ഡിജിസിഎ ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു. 

“നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ, സംഘം ഡൽഹി വിമാനത്താവളം, സ്‌പൈസ് ജെറ്റ്, ചാർട്ടർ ഓപ്പറേറ്റർ, എയർ ട്രാഫിക് കൺട്രോൾ, കമ്മ്യൂണിക്കേഷൻ നാവിഗേഷൻ, നിരീക്ഷണം എന്നിവയും സന്ദർശിച്ചു,” അരുൺ കുമാർ പറഞ്ഞു.