മാഹിയിൽ നിന്ന് നികുതിവെട്ടിച്ച്‌ കടത്തിയ രണ്ട്‌ ടാങ്കർ ഡീസൽകൂടി കെഎസ്‌ആർടിസിക്ക്‌ കൈമാറി

മയ്യഴിയിൽനിന്ന്‌ നികുതി വെട്ടിച്ച കടത്തുന്നതിനിടെ പിടികൂടിയ രണ്ട്‌ ടാങ്കർ ഡീസൽ കൂടി കെഎസ്‌ആർടിസിക്ക്‌ കൈമാറി. സെപ്‌‌തംബർ 30ന്‌ ഒരുടാങ്കർ ഡീസൽ കൈമാറിയിരുന്നു. രണ്ട്‌ ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റർ ഡീസലാണ്‌ വ്യാഴാഴ്‌ച കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയിലെ പമ്പിലേക്ക്‌ മാറ്റിയത്‌. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അളവ്‌ തൂക്കം കൃത്യമായി രേഖപ്പെടുത്തിയാണ്‌ ഡീസൽ കൈമാറിയത്‌. ലിറ്ററിന്‌ 66രൂപയ്‌ക്കാണ്‌ കെഎസ്‌ആർടിസിക്ക്‌ ഡീസൽ കൈമാറിയത്‌. 11.88ലക്ഷം രൂപയാണ്‌ കെഎസ്‌ആർടിസി നൽകിയത്‌. ഇതിലൂടെ 5,19,840 രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ ലാഭം. മയ്യഴിയിൽനിന്ന്‌ നികുതി വെട്ടിച്ച്‌ എറണാകുളത്തേക്ക്‌ ടാങ്കറിൽ കടത്തുകയായിരുന്ന ഡീസൽ തലശേരി എഎസ്‌പി വിഷ്‌ണു പ്രദീപിന്റെ നേതൃത്വത്തിലാണ്‌ പിടികൂടിയത്‌. ജൂലൈ 12ന്‌ ചൊക്ലി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽനിന്ന്‌ ഒരു ടാങ്കറും 16ന്‌ ന്യൂമാഹി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽനിന്ന്‌ രണ്ട്‌ ടാങ്കറുമാണ്‌ പിടികൂടിയത്‌. ഇതിൽ ചൊക്ലി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽനിന്ന്‌ പിടികൂടിയ 11,950 ലിറ്റർ ഡീസൽ സെപ്‌തംബർ 30ന്‌ കൈമാറിയിരുന്നു. തലശേരി താലൂക്ക്‌ സപ്ലൈ ഓഫീസിന്‌ കൈമാറിയ ഡീസൽ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയുടെ നേതൃത്വത്തിൽ ടെൻഡർ സ്വീകരിച്ചാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.