ഭക്ഷ്യ വിഷബാധ വീണ്ടും; പത്തനംതിട്ടയിൽ സ്‌കൂൾ വാർഷികത്തിന് ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അധ്യാപികയും ആശുപത്രിയിൽ

- പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. സ്കൂൾ വാർഷികത്തിനു വിളമ്പിയ ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും ഒരു അധ്യാപികയും ആശുപത്രിയിൽ ചികിത്സ തേടി. ചന്ദനപ്പള്ളി റോസ് ഡെയിൽ സ്കൂളിൽ ആണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. ആർക്കും തന്നെ ഗുരുതര പ്രശ്നങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണ്.
സ്കൂൾ വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ചതിനുശേഷമാണ് അസ്വസ്ഥതകൾ ഉണ്ടായത്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് 6 മണിക്കാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമൽ ഹോട്ടലിൽ നിന്നുമാണ്.
രാവിലെ നൽകിയ ഭക്ഷണം വൈകിട്ട് വരെ സ്കൂൾ അധികൃതർ പിടിച്ചുവച്ചെന്നാണ് ഹോട്ടൽ ഉടമയുടെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഒട്ടാകെ പരിശോധന കർശനമാക്കിയതിനിടെയാണ് വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്നത്.