കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം 23 ന്

കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം 23 ന് 


ഇരിട്ടി: തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 23 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 1946 ല്‍ ആരംഭിച്ച, മലബാറിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നായ ഈ സ്‌കൂളിൽ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി ഇപ്പോള്‍ 768 കുട്ടികളും 32 അധ്യാപകരും ഉണ്ട്.
ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപിക കെ.വി. ലിസിക്കുള്ള യാത്രയയപ്പും 23 ന് വൈകിട്ട് 5.30 ന് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ ആദരിക്കല്‍ നടത്തും. പ്ലാറ്റിനം ജൂബിലി സുവനീര്‍ പ്രകാശനം സജീവ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. എല്‍എസ്എസ്, യുഎസ്എസ് പ്രതിഭകളെ പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയും ന്യൂ മാത്‌സ് പ്രതിഭയെ ഇരിട്ടി എഇഒ കെ.എ. ബാബുരാജും ആദരിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍ യാത്രയയപ്പ് നല്‍കും. പാരീഷ് കോ-ഓര്‍ഡിനേറ്റര്‍ വി.ടി. മാത്തുക്കുട്ടി എന്‍ഡോവ്‌മെന്റ് വിതരണം നടത്തും.
വൈകുന്നേരം 6.30 ന് രംഗപൂജ, ജൂബിലി ഗാനം, കുച്ചുപ്പുടി, സംഘനൃത്തം, തിരുവാതിരം, ഒപ്പന, മാര്‍ഗംകളി, നാടോടിനൃത്തം, ദേശഭക്തിഗാനം, ലഹരിക്കെതിരെ കുഞ്ഞുങ്ങള്‍ (തെരുവ് നാടകം) തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടാകും.
24 ന് വൈകിട്ട് 6 ന് പോസിറ്റീവ് പേരന്റിംഗ് എന്ന വിഷയത്തില്‍ വെബിനാര്‍ നടക്കും. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ചാര്‍ളി പോള്‍ നേതൃത്വം നല്‍കും. 25 ന് രാവിലെ 10 ന് എജുക്കേഷണല്‍ എക്‌സിബിഷന്‍ സ്‌പെക്ട്ര 2023 കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.  മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ പാണ്ഡ്യാമാക്കല്‍, പ്രധാനാധ്യാപകന്‍ മാത്യു ജോസഫ് വരമ്പുങ്കല്‍, പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.വി.സന്തോഷ്, പബ്ലിസിറ്റി കണ്‍വീനര്‍ എ.ഷഹീര്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.