
സെല്‍ഫി പ്രേമം വരുത്തി വയ്ക്കുന്ന ദുരന്തങ്ങള്‍ നിരവധി നാം കണ്ടിട്ടുള്ളതാണ്. ജീവന് പണയം വെച്ച് പോലും സെല്‍ഫി എടുക്കാന്‍ പലര്‍ക്കും ഒരു മടിയുമില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ജീവന് പണയം വെച്ച് നടത്തിയ മറ്റൊരു സെല്‍ഫി ശ്രമം കൂടി മരണത്തില്‍ കലാശിച്ചിരിക്കുകയാണ്. കുരങ്ങുകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനിടയില്‍ മലയിടുക്കില്‍ വീണാണ് 39 കാരന് ജീവന് നഷ്ടമായത്. സെല്‍ഫി എടുക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ കാല്‍തെറ്റി ഇയാള്‍ 500 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വീണത്. മഹാരാഷ്ട്രയിലെ വരന്ദ ഘട്ട് റോഡില്‍ ചൊവ്വാഴ്ചയാണ് സംഭവം.
യാത്രക്കിടയില്‍ കണ്ട കുരങ്ങ് കൂട്ടത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ ഉള്ള യുവാവിന്റെ ശ്രമമാണ് ഇത്തരമൊരു ദുരന്തത്തില്‍ കലാശിച്ചത്. കുരങ്ങുകള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ഏറെ സാഹസപ്പെട്ടാണ് ഇയാള്‍ മലമുകളില്‍ കയറിയത്. ഇതിനിടയിലാണ് ഇയാള്‍ കാല് തെറ്റി 500 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീണത്. അപകടത്തില്‍ പെട്ടത് അബ്ദുല്‍ ഷെയ്ഖ് എന്ന ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് മലയിടുക്കില്‍ നിന്നും ഇയാളുടെ മൃതശരീരം കണ്ടെടുത്തത്. സഹ്യാദ്രി റെസ്ക്യൂ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ഇയാള്‍ അപകടത്തില്‍പ്പെട്ട വിവരം പ്രദേശവാസികളാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് മാസം മുമ്പ് കര്‍ണാടകയിലെ ബെലഗാവിക്ക് സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍ വീണ് നാല് പെണ്‍കുട്ടികള്‍ മരണപ്പെട്ടിരുന്നു. നാല് പെണ്‍കുട്ടികളും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയില്‍ നിന്നുള്ളവരായിരുന്നു നാല് പെണ്‍കുട്ടികളും.
കിത്വാഡ് വെള്ളച്ചാട്ടത്തില്‍ 40 ഓളം പെണ്‍കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയെന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് പെണ്‍കുട്ടികള്‍ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. ഇവരില്‍ ഒരു പെണ്‍കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല