പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി, സംസ്ഥാന വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം

പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി, സംസ്ഥാന വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാ​ഗം


പത്തനംതിട്ട : ഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയിൽ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപ്പാസിലെ അൽ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴച്ചുമത്തി. ജില്ലയിൽ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യൽ സ്ക്വാർഡിന്റെ പരിശോധന നടന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് പേ‍ർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്. കുഴിമന്ത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി മരിച്ചത്. 

അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അഞ്ജുശ്രീ മരിച്ചത്.