തലശേരിയിലെ വിവാദ യുവതിയുടെ കസ്റ്റഡിയിൽനിന്ന് യുവാവിനെ മോചിപ്പിച്ചു

തലശേരിയിലെ വിവാദ യുവതിയുടെ കസ്റ്റഡിയിൽനിന്ന് യുവാവിനെ മോചിപ്പിച്ചു

തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാം വിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തുവരുന്ന യുവതിയുടെ വലയിൽ കുടുങ്ങിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവിനെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പോലീസ് മുൻ കൈയെടുത്ത് രക്ഷപെടുത്തിയത്.

വീട്ടിൽ പോലും പോകാതെ യുവതിയുടെ പൂർണ നിയന്ത്രണത്തിലായിരുന്ന യുവാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു. അമിതവേഗതയിൽ കാറോടിച്ചുപോയ യുവതിയെ പിന്തുടർന്ന യുവാവ് അവരെ മറികടക്കുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്തിരുന്നു. ഈ സൗഹൃദമാണ് യുവാവിനെ യുവതിയുടെ വലയിലേക്ക് എത്തിച്ചതെന്നാണ് യുവാവിന്‍റെ രക്ഷിതാക്കൾ പറയുന്നത്.

ഇതിനിടയിൽ യുവതിക്ക് പിന്തുണയുമായി ചില വനിതാ കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. മദ്യപിക്കാനുള്ള അവകാശവും യുവാവിനോടൊപ്പം കഴിയാനുള്ള അവകാശവും യുവതിക്കുണ്ടെന്നാണ് വനിതാ കൂട്ടായ്മയുടെ പ്രതിനിധിയുടെ വാദം. എത്രയോ പുരുഷന്മാർ മദ്യപിച്ച് ലക്ക് കെട്ട് നടക്കുന്നു. അവരോടില്ലാത്ത മനോഭാവം യുവതിയോടു വേണ്ട. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീകൾക്കുമുണ്ട്. അവരും ആഘോഷിക്കട്ടെ.

രേഖാമൂലം പരാതി ലഭിക്കാതെ യുവതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധവുമായി തങ്ങൾ രംഗത്തെത്തുമെന്ന് അവർ പോലീസിനെ അറിയിച്ചു. യുവതിയെക്കുറിച്ച് ജനപ്രതിനിധികൾ നൽകിയ പരാതികളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ കൈച്ചൂടറിഞ്ഞവർ പോലും രേഖാമൂലം പരാതി നൽക്കാൻ തയാറായിട്ടില്ല. യുവതിക്കു പിന്നിൽ ലഹരി മാഫിയ ഉണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്.