ഹജ്ജ്: കേരളത്തില്‍ നിന്ന് കണ്ണൂർ ഉൾപ്പെടെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ പരിഗണനയില്‍

ഹജ്ജ്: കേരളത്തില്‍ നിന്ന് കണ്ണൂർ ഉൾപ്പെടെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്‍റുകള്‍ പരിഗണനയില്‍


 മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പുറപ്പെടല്‍ കേന്ദ്രമായി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ പരിഗണനയില്‍.കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരട് പട്ടികയിലുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ ഉടന്‍ സ്വീകരിച്ച്‌ തുടങ്ങുമെന്നും ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ കൊച്ചി വിമാനത്താവളം മാത്രമായിരുന്നു എംബാര്‍ക്കേഷന്‍ പോയിന്‍റ്. ഇത്തവണ ഇന്ത്യയിലാകെ എംബാര്‍ക്കേഷന്‍ പോയിന്‍റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെയാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് കരട് പട്ടികയില്‍ ഇടം പിടിച്ചത്. കഴിഞ്ഞ തവണ ഇന്ത്യയിലാകെ 10 വിമാനത്താവളങ്ങളായിരുന്നു ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം. ഇത്തവണ 25 ആയി ഉയരുമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു .

മലബാര്‍ മേഖലയില്‍ നിന്നാണ് കേരളത്തില്‍ 80 ശതമാനത്തിലേറെ ഹജ്ജ് തീര്‍ത്ഥടകരും. ഇത് കൂടി പരിഗണിച്ചാകും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റുകളുടെ തീരുമാനം. ഹജ്ജിനായുള്ള അപേക്ഷ ഒരാഴ്ചയ്ക്കുള്ളില്‍ സ്വീകരിച്ചു തുടങ്ങും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.