വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ കടുത്ത മനോവേദനയുണ്ട്; കുപ്രചരണങ്ങൾ ആർക്കും ഭൂഷണമല്ലെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള

വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ കടുത്ത മനോവേദനയുണ്ട്; കുപ്രചരണങ്ങൾ ആർക്കും ഭൂഷണമല്ലെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള


  • Share this:

അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ കടുത്ത മനോവേദനയുണ്ടെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള. കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പങ്കെടുത്തത്തിനെതിരെ  ഒരു വിഭാഗം വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സംവിധായകന്‍ രാമസിംഹന്‍ അടക്കമുള്ളവര്‍ വിമര്‍ശനം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.

കേരളത്തിൽ ക്രൂരമായി സത്യത്തെ തമസ്ക്കരിച്ചു കൊണ്ട് അപവാദങ്ങളും വിവാദങ്ങളും ഉയർന്നു കൊണ്ടിരിക്കുന്നതിൽ എന്റെ മനസ്സ് വേദനിക്കുന്നു. കേരളത്തിൽ പരമാവധി പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ നിർബന്ധിതനാവാറുണ്ട്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളുൾപ്പെടെ നിയമാധിഷ്ഠിതമായി പ്രവർത്തിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളുടെയും പരിപാടികളുടെ ക്ഷണം ഞാൻ സ്വീകരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗവർണർക്ക് അനുവദിച്ചതിൽ കൂടുതൽ ദിവസങ്ങൾ എടുക്കാതെ, കേരളത്തിൽ എത്തുന്ന ദിവസങ്ങളിൽ പരമാവധി പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് ഞാനെന്റെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റാറുള്ളത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതും തിരുവല്ലയിൽ മാർത്തോമാ സഭയുടെ സ്ഥാപന ദിനാചരണത്തിലും തുടർന്ന് ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ പങ്കെടുത്തതും സത്യവിരുദ്ധമായി വിവാദങ്ങൾക്ക് വഴിമരുന്ന് ഇടാൻ ചിലർ നടത്തിയ ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന്  ശ്രീധരന്‍പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ മൂന്ന് ക്രിസ്തീയ സഭാധ്യക്ഷന്മാർ ഒന്നിച്ച് പങ്കെടുത്ത യോഗത്തിൽ ഉദ്ഘാടകനായി തന്നെ ക്ഷണിച്ചത് സുഖിക്കാത്ത കുബുദ്ധികളായിരിക്കാം ഈ കുപ്രചരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീധരന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ  പങ്കെടുത്ത ചില പ്രധാന പരിപാടികളുടെ ലിസ്റ്റും ഗോവ ഗവര്‍ണര്‍ പങ്കുവെച്ചിട്ടുണ്ട്