
മാനന്തവാടി / സുല്‍ത്താന്‍ബത്തേരി:തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു. തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സംഭവത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്‍മാറിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്‍റെ കാറാണ് തകര്‍ന്നത്. ശ്രീരാജിന്‍റെ സഹോദരന്‍ ലതീഷായിരുന്നു വാഹനമോടിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണിയോടെയായിരുന്നു സംഭവം. ഡ്രൈവിങ്ങിനിടെ ശാന്തനായി റോഡരികില്‍ നില്‍ക്കുന്ന ആനയെ യാത്രക്കാര്‍ കണ്ടിരുന്നു. എന്നാല്‍, പൊടുന്നനെയാണ് ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറുടെ എതിര്‍വശത്തെ ചില്ല് തുമ്പികൈ ക്കൊണ്ട് തകര്‍ക്കുകയായിരുന്നു. പിന്നീട് ബോണറ്റ് കൂടി തകര്‍ത്തതിന് ശേഷം പെട്ടന്ന് തന്നെ ആന കാട് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആനയെ കണ്ടയുടനെ കാര്‍ വേഗത്തില്‍ പിന്നോട്ട് എടുക്കാന്‍ ലതീഷ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ മിന്നല്‍വേഗത്തിലായിരുന്നു ആനയുടെ ആക്രമണം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഗ്ലാസ് അടക്കമുള്ള വാഹനത്തിന്‍റെ മുന്‍വശം തകര്‍ന്നു.
അതിനിടെ നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. നൂല്‍പ്പുഴ മാടക്കുണ്ട് പണിയ കോളനിയ്ക്ക് സമീപത്തെ കരവെട്ടാറ്റിന്‍കര പൗലോസിന്‍റെ ഗര്‍ഭിണിയായ പശുവാണ് ഇന്ന് രാവിലെ ചത്തത്. കടുവയുടെ നഖവും പല്ലുകളും ആഴ്ന്നിറങ്ങി പശുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നനാളത്തിലടക്കം മുറിവുള്ളതിനാല്‍ വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. രാത്രി തീര്‍ത്തും അവശയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം.
പശുവിന്‍റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടി മറയുകയായിരുന്നു . പതിനഞ്ച് ദിവസം മുമ്പും പൗലോസിന്‍റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. മുമ്പ് പ്രദേശത്ത് എത്തിയ കടുവയല്ല തിങ്കളാഴ്ച എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നു. ഇന്നലെത്തെ സംഭവത്തോടെ വനംവകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചു. സ്ഥിരമായി കടുവ ഈ മേഖലയിലെത്തിയാല്‍ കൂടുവെച്ച് പിടികൂടാനാണ് തീരുമാനം. ഇത് സംബന്ധിച്ച യോഗം ഇന്നലെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാറിന്‍റെ അധ്യക്ഷതയില്‍ വള്ളുവാടിയില്‍ ചേര്‍ന്നു. നഷ്ടപരിഹാരം അടക്കം ലഭ്യമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു