ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കും: സുപ്രീംകോടതി

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കും: സുപ്രീംകോടതി

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. പരിഗണിക്കുന്ന ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് പുനപരിശോധന ഹര്ജി നല്‍കിയിരുന്നത്‌. ഭേദഗതി വരുത്തിയാല്‍ പുനപരിശോധനയുടെ ആവശ്യമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു.

ബഫര്‍ സോണ്‍ മേഖലകള്‍ ജനങ്ങള്‍ക്കു പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര കോടതിയെ അറിയിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പുറത്തിറക്കിയത് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ആ ഉത്തരവില്‍ ഭേദഗതി കൊണ്ടുവരാന്‍ മൂന്നംഗ ബെഞ്ചിന് മാത്രമേ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതുതായി രൂപവത്കരിക്കുന്ന മൂന്നംഗ ബെഞ്ചിനു നേതൃത്വം നല്‍കുക ജസ്റ്റിസ് ബി.ആര്‍ ഗവായ് ആയിരിക്കും. മറ്റുരണ്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിശ്ചയിക്കും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ കേരളം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനമിറക്കിയ 16 സംരക്ഷിത മേഖലകളെ വിധിയുടെ പരിധിയില്‍നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.