മാനന്തവാടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു

മാനന്തവാടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു 


മാനന്തവാടി : വയനാട് മാനന്തവാടിയിൽ ആരോഗ്യ വിഭാഗം പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ചിക്കൻ ഫ്രൈ, മീൻ കറി, ദോശ, കാലാവധി കഴിഞ്ഞ ശീതളപാനിയങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. 

അതേ സമയം, സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡ‍ിവെഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ചില ഹോട്ടലുകളെ പട്ടികയിൽ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി