പണയംവെക്കാൻ സ്വർണം നൽകാത്തതിന് സ്ത്രീയെ കഴുത്ത് ഞെരിച്ചുകൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പണയംവെക്കാൻ സ്വർണം നൽകാത്തതിന് സ്ത്രീയെ കഴുത്ത് ഞെരിച്ചുകൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽതൃശൂർ: പണയംവെക്കാൻ സ്വർണം നൽകാത്തതിന് സ്ത്രീയെ കഴുത്ത് ഞെരിച്ചുകൊന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. തൃശൂർ തളിക്കുളത്താണ് സംഭവം. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറും ആയ ഹബീബ് ആണ് കൊലപാതകം നടത്തിയത്.

ഇന്ന് രാവിലെയാണ് തൃശൂർ തളിക്കുളം സ്വദേശിനി ഷാജിത കൊല്ലപ്പെടുന്നത്. അവിവാഹിതയായ ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഷാജിതയും ഹബീബും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹബീബിന് പണത്തിന് ആവശ്യം വന്നപ്പോൾ ഷാജിതയോട് സ്വർണ്ണം പണയപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്വർണ്ണം നൽകാൻ ഷാജിത തയ്യാറായില്ല.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. അത്യാവശ്യ സമയത്ത് പണം നൽകാത്ത സുഹൃത്തിനോട് ഹബീബിന് പകയായി. തുടർന്നാണ് ഷാജിതയുടെ വീട്ടിലെത്തിയ ഹബീബ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപാതകം നടത്തിയത്.

ഷാജിതയുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാർ വീടിൻറെ വാതിൽ പൊളിച്ച് അകത്തുകയറി പ്രതിയെ പിടികൂടുകയായിരുന്നു. ഷാജിതയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചു.
നാട്ടുകാർ ആണ് പ്രതിയെ പോലീസിനെ കൈമാറിയത്.