കള്ളൻ കപ്പലിൽ തന്നെ; സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയിൽ

കള്ളൻ കപ്പലിൽ തന്നെ; സ്വന്തം വീട്ടില്‍ മോഷണം നടത്തിയ യുവാവ് പിടിയിൽ


മലപ്പുറം: എടവണ്ണപ്പാറയില്‍ സ്വന്തം വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. ചീക്കോട് വാവൂര്‍ അബ്ദുല്‍റാഷിദിനെ (29)യാണ് വാഴക്കാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണാഭരണം മോഷണം പോയെന്ന പരാതി നല്‍കാന്‍ സഹോദരനൊപ്പം അബ്ദുല്‍റാഷിദും വാഴക്കാട് പൊലീസ്‌സ്റ്റേഷനില്‍ എത്തിയിരുന്നു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍നിന്ന് മോഷണംപോയ നാലുപവന്‍ സ്വര്‍ണം എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാടു കേന്ദ്രത്തില്‍നിന്ന് പൊലീസ് കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍നിന്ന് സ്വര്‍ണാഭരണമെടുത്ത് പണയംവെച്ച് ധൂര്‍ത്തടിച്ച് ചെലവഴിച്ചത് മറച്ചുപിടിക്കാനാണ് സ്വര്‍ണം കളവുപോയതായി വീട്ടുകാരെ പ്രതി തെറ്റിദ്ധരിപ്പിച്ചത്.

ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍ എന്നിവരുടെ സഹായത്താല്‍ പൊലീസ് പഴുതടച്ച അന്വേഷണം നടത്തിയപ്പോള്‍ പ്രതി വീട്ടുകാരന്‍ തന്നെയെന്നു മനസ്സിലാക്കി. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് സഹോദരനൊപ്പം പരാതി നല്‍കാന്‍ വന്ന അബ്ദുല്‍റാഷിദ് തന്നെയാണ് മോഷണം നടത്തിയതെന്നു തെളിഞ്ഞത്. ഇതോടെ ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു