'അയോധ്യ രാമക്ഷേത്രം അടുത്ത വർഷം തുറക്കും'; ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്ന് അമിത് ഷാ

'അയോധ്യ രാമക്ഷേത്രം അടുത്ത വർഷം തുറക്കും'; ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്ന് അമിത് ഷാ


ദില്ലി: അയോധ്യയിലെ രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് അമിത് ഷാ. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മ്മാണം തടയാനാണ് ശ്രമിച്ചതെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി രാമക്ഷേത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണവിഷയവും രാമക്ഷേത്രമായിരിക്കും.

2024 ലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്താനുള്ള ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ​171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ് അയോധ്യയിൽ ഉയരുന്നത്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.