അവധിക്ക് നാട്ടില്‍ പോകാനിറങ്ങി; ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകവേ മീനങ്ങാടിയിൽ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

- സുൽത്താൻ ബത്തേരി: ജോലിസ്ഥലത്ത് നിന്ന് അവധിക്ക് നാട്ടിലേക്കുള്ള ബസിൽ കയറാൻ ടൗണിലേക്ക് പോകവെ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂര്‍ ധര്‍മ്മപുരി പാളൈയം സ്വദേശി വടിവേല്‍ അണ്ണാമലൈ (52) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന വടിവേലിനെ ബൈക്കിടിക്കുകയായിരുന്നു.
അപകടത്തിനിടയായ ബൈക്ക് മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ ബൈക്കിലെ യാത്രികരായ കൃഷ്ണഗിരി സ്വദേശികളായ രണ്ട് പേര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അണ്ണാമലൈയെ ആദ്യം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് അണ്ണാമലൈ മരണപ്പെട്ടത്.
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി ഏറ്റെടുത്ത കരാര്‍ കമ്പനിയിലെ ജീവനക്കാരനാണ് വടിവേല്‍ അണ്ണാമലൈ. ബന്ധുക്കളെത്തി പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മീനങ്ങാടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു