കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു


കല്‍പ്പെറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി  ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച്  വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെയാണ് അമ്പലവയൽ പൊലീസ്   കേസെടുത്തത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരൻ അസ്ലമിന്‍റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്. 

ചുള്ളിയോട് ബത്തേരി റൂട്ടിൽ അഞ്ചാംമൈലിൽ വച്ചായിരുന്നു അപകടം. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനെടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സിയും ആഭ്യന്തര അന്വേഷണം തുടങ്ങി. ബത്തേരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് അസ്ലം. വിദ്യാർത്ഥിനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിർമാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന റോഡിൽ വെച്ചാണ് സംഭവം.

യാത്രക്കിടെ അസ്‌ലം കൈ ബസിന്റെ ജനലിലൂടെ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തി. ഉടനെ തന്നെ നാട്ടുകാർ ചേർന്ന്  കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.