വിമാനയാത്രക്കിടെ വായിലൂടെ രക്തസ്രാവം; ‌യാത്രക്കാരന് ദാരുണാന്ത്യം

വിമാനയാത്രക്കിടെ വായിലൂടെ രക്തസ്രാവം; ‌യാത്രക്കാരന് ദാരുണാന്ത്യം


ഇന്‍ഡോര്‍:  വിമാനയാത്രയ്ക്കിടെ രക്തസ്രാവത്തെ തുടർന്ന് 60കാരൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയില്‍നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് (ആർഈ -2088) 60കാരനായ അതുൽ ​ഗുപ്തക്ക് വായിലൂടെ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.  വിമാനത്തിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്തസ്രാവം നിലച്ചില്ല. വിമാന‌യാത്രക്കിടെ ഇയാളുടെ  ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തിലേക്കു വഴിതിരിച്ചുവിട്ടു.

വിമാനത്താവളത്തില്‍ വിമാനം ലാൻഡ് ചെയ്ത ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നോയിഡ സ്വദേശിയായ അതുലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. അതുലിന് ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി വിമാനത്താവള ഡയറക്ടര്‍ പ്രബോദ് ചന്ദ്ര ശര്‍മ പറഞ്ഞു.