രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; 11 ഇടങ്ങളിൽ ഔദ്യോഗിക രഹസ്യനിയമം ബാധകം

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും; 11 ഇടങ്ങളിൽ ഔദ്യോഗിക രഹസ്യനിയമം ബാധകം


ന്യൂഡൽഹി: ഇന്ത്യയിലെ പത്ത് അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും. കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലകളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിരിക്കുന്നത്. കർശന സുരക്ഷാനിരീക്ഷണം വേണ്ട പ്രദേശങ്ങളാണിത്.

കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉൾപ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാർ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ മേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. കര്‍ശന സുരക്ഷാ നിരീക്ഷണം വേണ്ട മേഖലകളാണിത്.


കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവൽ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേയും വാക്‌വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവ സുരക്ഷാമേഖല. പ്രതിരോധ മന്ത്രാലയത്തിന്‍റെ സ്ഥാപനങ്ങളും മറ്റു പ്രവര്‍ത്തന സംവിധാനങ്ങളും മറ്റു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപങ്ങളുമാണ് ഇതില്‍പ്പെടുന്നത്.


ഈ മേഖലയില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിനു പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്