
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഇതു സംബന്ധിച്ച ശുപാര്‍ശ ധനവകുപ്പിന് കൈമാറി.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. മലപ്പുറത്ത് സർക്കാർ മേഖലയിൽ 694 ഉം എയ്ഡഡ് മേഖലയിൽ 889 ഉം തസ്തികകൾ ആണ് സൃഷ്ടിക്കേണ്ടത്. ആകെയുള്ള തസ്തികകളുടെ 26.36 ശതമാനം ആണിത്.
ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്. ഇവിടെ 62 തസ്തികകളാണ് വേണ്ടത്. ആകെയുള്ളതിന്റെ 1.03 ശതമാനം വരും ഇത്.
Also Read-സ്കൂൾ കുട്ടികൾ കൂടുതൽ മലപ്പുറത്ത്; കുറവ് പത്തനംതിട്ടയിൽ; അധ്യാപകരുടെ തസ്തിക നിർണയ നടപടി അവസാനഘട്ടത്തിൽ;മന്ത്രി
കുട്ടികളുടെ എണ്ണം പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35%) കുറവ് പത്തനംതിട്ട ജില്ലയിലും ആണ് (2.25%). മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വർദ്ധനയാണുള്ളത്
പുതിയതായി സൃഷ്ടിക്കേണ്ട തസ്തികകൾ വിഭാഗം | സർക്കാർ | എയിഡഡ് |
ഹൈസ്കൂൾ | 740 | 568 |
അപ്പർ പ്രൈമറി സ്കൂൾ | 730 | 737 |
ലോവർ പ്രൈമറി സ്കൂൾ | 1086 | 978 |
എൽപി, യുപി സ്കൂളുകളിലെ മറ്റു തസ്തികകൾ | 463 | 604 |
ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി