അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ 'ഒപ്പം' പദ്ധതി ; റേഷന്‍ കടയില്‍ വരാന്‍ പറ്റാത്തവര്‍ക്ക് അരിയും ഗോതമ്പും വാങ്ങി ഓട്ടോ തൊഴിലാളികള്‍ വീട്ടില്‍ കൊണ്ടു തരും

അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ 'ഒപ്പം' പദ്ധതി ; റേഷന്‍ കടയില്‍ വരാന്‍ പറ്റാത്തവര്‍ക്ക് അരിയും ഗോതമ്പും വാങ്ങി ഓട്ടോ തൊഴിലാളികള്‍ വീട്ടില്‍ കൊണ്ടു തരും


തിരുവനന്തപുരം: റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കു ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ''ഒപ്പം'' പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുകയാണു ലക്ഷ്യം.

ആദിവാസി ഊരുകളില്‍ റേഷന്‍സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണു ''ഒപ്പം'' നടപ്പാക്കുന്നത്. റേഷന്‍കാര്‍ഡുടമകളുടെ കൈപ്പറ്റ് രസീത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണു സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തും.

എല്ലാമാസവും പത്തിനുള്ളില്‍ റേഷന്‍ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ റേഷന്‍ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും.

ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ സാമ്പത്തികബാദ്ധ്യത ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. തൃശൂര്‍, പൂച്ചട്ടി, മാധവമന്ദിരം ഓഡിറ്റോറിയത്തില്‍ ഇന്നു 2.30 ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും.